തൃശ്ശൂര്‍ ജില്ലയിലെ പെരുവല്ലൂര്‍ എളവള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആകെയുള്ളത് 12 താല്‍ക്കാലിക അധ്യാപകര്‍ മാത്രം. ഇവര്‍ക്ക് ഒരു വര്‍ഷമായി ശമ്പളമില്ല. (2010 - 11 അധ്യന വര്‍ഷത്തിലാണ് ഈ സ്കൂള്‍് ഹയര്‍ സെക്കന്‍ഡറി ആയി ഉയര്‍ത്തിയത്) പ്രിന്‍സിപ്പലോ മറ്റുസ്ഥിരം അധ്യാപകരോ ഇല്ല. ഓഫീസ് ജോലികള്‍ മാത്രമല്ല, ഒരു പ്യൂണ്‍ പോലുമില്ലാത്തത് കൊണ്ട് ബെല്ലടിക്കലും, ഗേറ്റും ക്ലാസ് മുറികളും തുറക്കലും, അടക്കലും, പൂട്ടലും എല്ലാം ഈ താല്‍ക്കാലികക്കാര്‍ തന്നെ. 200 ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇവടെ ഒരു വിദ്യാലയത്തിനു വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നും തന്നെയില്ല. ലാബ് സൌകര്യങ്ങള്‍ വളരെ അപൂര്‍ണം. സ്കൂള്‍ വരാന്തയില്‍ മഴ കൊള്ളുന്ന സ്ഥലത്ത് രണ്ടു ഡസ്ക്കുകള്‍ പിടിച്ചിട്ടതാണ് ഓഫീസ് കം സ്റ്റാഫ് റൂം.
എളവള്ളി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറിക്ക് അംഗീകാരം നല്‍കിയെങ്കിലും അധ്യാപക തസ്ത്തികകള്‍ക്ക് സര്‍ക്കാര്‍ അംഗീകാമായിട്ടില്ല. അതുകൊണ്ട് അധ്യാപകരുടെ തുച്ഛമായ ശമ്പളവും നിഷേധിച്ചിരിക്കുകയാണ്. (കൈക്കോട്ടു പണിക്കാരന് ദിവസം 450 രൂപ കൂലി കിട്ടുമ്പോള്‍ ബിരുദാനന്തര ബിരുദക്കാരന്റെ ദിവസവേതനം 300 രൂപ) അധ്യയന വര്‍ഷാരംഭത്തില്‍ തുടങ്ങുകയും വര്‍ഷാവസാനം സേവനം അവസാനിക്കുകയും ചെയ്യുന്ന തരത്തിലാണ് ഓരോ വര്‍ഷവും താല്‍ക്കാലിക അധ്യാപകരെ നിയമിക്കേണ്ടത്. എന്നാല്‍ എളവള്ളി സ്കൂളില്‍ വിദ്യാര്‍ത്ഥിപ്രവേശനം നടത്തുന്നതിനു പോലും താല്‍ക്കാലികക്കാര്‍ വേണ്ടി വരുന്നു.
അടുത്തിടെ മാതൃഭൂമി പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയിലെ വിവരങ്ങളാണ് മുകളില്‍ പറഞ്ഞത്. 'പഠിപ്പിക്കാന്‍ താല്‍ക്കാലിക അധ്യാപകര്‍ മാത്രം; ബെല്ലടിക്കാനും' എന്ന തലക്കെട്ടോടെ വന്ന വാര്‍ത്ത നാടിനും വിദ്യാലയത്തിനും അപമാനമാണെന്ന് കുറ്റപ്പെടുത്തി പി ടി എയുടെ നേതൃത്ത്വത്തില്‍ സ്കൂള്‍ അങ്കണത്തില്‍ വെച്ച് പ്രതിഷേധ സൂചകമായി പ്രസ്തുത പത്രം കത്തിച്ചത്രേ. ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നതാണ് പ്രതിഷേധക്കാര്‍ക്ക് അവഹേളനമായി തോന്നിയത്, അല്ലാതെ സ്വന്തം നാട്ടില്‍ അങ്ങനെ ഒരു സ്കൂള്‍ നടക്കുന്നതിലല്ല. തങ്ങളുടെ കുട്ടികളുടെ ഭാവിയെയാണു ഇത് നേരിട്ട് ബാധിക്കുന്നത് എന്നുപോലും ഇവര്‍ക്ക് ചിന്തിക്കാനാവുന്നില്ല. കഷ്ടം എന്നല്ലാതെ മറ്റെന്താണ് ഇതിനു പറയുക?
നികുതി ദായകരുടെ എത്ര കോടി രൂപയാണ് വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി ഓരോ വര്‍ഷവും ചിലവഴിക്കുനത്? കേരളത്തില്‍ സര്‍ക്കാര്‍ മേഘലയിലും എയ്ഡെഡ് മേഘലയിലും ഉള്ള സ്കൂളുകളില്‍ ഏതാണ്ട് എല്ലാറ്റിലും ഭേദപ്പെട്ട അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ട്. കേരളത്തിലെ ഏതു സ്വാശ്രയ സ്കൂളിലും ഉള്ളതിനേക്കാള്‍ മിടുക്കരായ ജീവനക്കാരും ഉണ്ട്. എന്നിട്ടും ഈ സ്വാശ്രയ സ്കൂളുകള്‍ വിദ്യാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുകയാണ്. അതെ സമയം എല്ലാവിധ സൌകര്യങ്ങളും ഉണ്ടായിട്ടും അപൂര്‍വ്വം ചിലതിലോഴിച്ച് മറ്റെല്ലാ എയ്ഡെഡ്/സര്‍ക്കാര്‍ സ്കൂളുകളിലും വിദ്യാര്‍ത്ഥികളുടെ എണ്ണം വര്ഷം തോറും കുറഞ്ഞു വരുന്നു. അതിനുള്ള അനേകം കാരണങ്ങളില്‍ ഒന്നാണ് മേല്‍ സൂചിപ്പിച്ചത്. സര്‍ക്കാരിന്റെയും സര്‍ക്കാര്‍ എജെന്‍സികളുടെയും നിരുത്തവാദ പരമായ ഇത്തരം സമീപനങ്ങളിള്‍ക്ക് ആരെ കുറ്റം പറയണം? ഇതിനൊക്കെ എന്നെങ്കിലും ഒരന്ത്യമുണ്ടാവുമോ?