Friday 20 January 2012

THE REAL STORY BEHIND MULLAPPERIYAAR

എന്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള യഥാര്‍ത്ഥ പ്രശ്നം? "തമിഴ് നാടിനു വെള്ളം, കേരളത്തിനു സുരക്ഷ" എന്ന് അര്‍ത്ഥ ശങ്കക്കിടമില്ലാത്ത വിധം പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിന്റെ സ്വന്തം ചെലവില്‍ അണക്കെട്ട് നിര്‍മിച്ചു കൊള്ളാം എന്ന് നമ്മുടെ മുഖ്യ മന്ത്രി വാഗ്ദാനം നല്‍കിയിട്ടും അംഗീകരിക്കാത്ത  തമിഴ് നാടിന്റെ നിലപാട്  വെറും രാഷ്ട്രീയം കളിക്കലല്ലേ? അല്ലെങ്കില്‍ അതിനെ എതിര്‍ക്കാന്‍ അവര്‍ക്ക് വ്യക്തമായ ന്യായങ്ങള്‍ വല്ലതും പറയാനുണ്ടോ? അതോ നമ്മുടെ രാഷ്ട്രീയ നേതാക്കളാണോ രാഷ്ട്രീയം കളിക്കുന്നത്? എന്നിങ്ങിനെയുള്ള പല ചോദ്യങ്ങള്‍ നിങ്ങളുടെ ബുദ്ധിയില്‍   പലപ്പോഴും തെളിഞ്ഞു വന്നിട്ടില്ലേ? "മുഖ്യ മന്ത്രിക്കാണോ വാക്ക് പിഴച്ചത്?" എന്ന തലക്കെട്ടില്‍ ശ്രീ. സി ആര്‍ നീലകണ്ഠന്‍ എഴുതിയ ഒരു ചെറു ലേഖനം അടുത്തിടെ മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ചിരുന്നു. അത്  കാണാത്തവരും മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ചുള്ള സത്യാവസ്ഥ അറിയണമെന്ന് താല്പര്യമുള്ളവരും ആയവര്‍ക്ക് വേണ്ടി ആ ലേഖനം അതേപടി ഇവിടെ പകര്‍ത്തി എഴുതുന്നു. 

മുഖ്യമന്ത്രിക്കാണോ വാക്ക് പിഴച്ചത്?

ഒടുവില്‍ മുല്ലപ്പെരിയാര്‍ കേവലം കക്ഷി-മുന്നണി രാഷ്ട്രീയ തര്‍ക്കമായി മാറിയിരിക്കുന്നു. പുതിയ ഡാമിന്റെ നിയന്ത്രണം സംബന്ധിച്ച് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും നടത്തിയ പ്രസ്ഥാവനകളെ ആധാരമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍  പ്രതിപക്ഷം കച്ച മുറുക്കുന്നു. കേരളത്തിന്റെ താല്പര്യങ്ങള്‍ ഹനിക്കുന്നു; സര്‍വകക്ഷി തീരുമാനങ്ങള്‍ ലംഘിക്കുന്നു തുടങ്ങിയവയാണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍. പഴയ അണക്കെട്ട് ലക്ഷക്കണക്കിന്‌ മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നതിനാല്‍ പുതിയ അണക്കെട്ട് എന്ന ആശയം മുന്നോട്ടു വെച്ചത് മുന്‍ എല്‍ ഡി എഫ് സര്‍ക്കാരാണ്. അന്ന് (ഇന്നും) ഡാമിന്റെ അവകാശം, കാലാവധി തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് ഇടതു പക്ഷത്തിനു വ്യക്തമായ ധാരണയുണ്ടായിരുന്നുവോ എന്നതാണ് ജനങ്ങളുടെ സംശയം.

പുതിയ ഡാം വരുന്നത് കേരളത്തിന്റെ അധീനതയിലുള്ള മണ്ണിലാണെന്നതിനാല്‍ പഴയ പാട്ടക്കരാര്‍ മതിയാവില്ല. പുതിയത് വേണം. പുതിയ ഡാമിന്റെ നിയന്ത്രണം സംബന്ധിച്ച പ്രസ്ഥാവനകളാണല്ലോ തര്‍ക്ക വിഷയം. ഇതിന്റെ സമ്പൂര്ണ നിയന്ത്രണം കേരളത്തിനു വേണമെന്ന് ഇടതു പക്ഷം പറയുന്നു. ഇപ്പോള്‍ തമിഴ് നാടിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഡാം പിടിച്ചടക്കാന്‍ കേരളം നടത്തുന്ന കുത്സിതശ്രമമാണ് സുരക്ഷാഭീഷണിയെന്ന അവരുടെ വാദത്തിനു നാം തന്നെ ന്യായീകരണം നല്‍കുകയാണിവിടെ. 

ഡാമിന്റെ നിയന്ത്രണാധികാരത്തെക്കാള്‍ നിര്‍ണായകമാണ് പുതിയ കരാര്‍ എത്ര കാലത്തെക്കായിരിക്കുമെന്നത്.  പുതിയ ഡാമിന്റെ ആയുസ്സ്  70 വര്‍ഷമെന്ന് കണക്കാക്കിയാല്‍ അതിനപ്പുറമുള്ള കാലത്തേക്ക് പുതിയ കരാര്‍ നീട്ടാനാകുമോ? തമിഴ്നാടിന് ശേഷിക്കുന്ന 873 വര്‍ഷത്തേക്ക് അവകാശമുണ്ട്‌. നിലവിലുള്ള കരാറനുസരിച്ച് ഇത് അംഗീകരിക്കാന്‍ കേരളം തയ്യാറായാല്‍ ഓരോ എഴുപതു വര്ഷം കഴിയുമ്പോഴും പുതിയ ഡാമുകള്‍ താഴേക്കു കെട്ടണം. ഇത് വരും തലമുറകള്‍ക്ക് എത്ര വലിയ ദുരന്തമാകുമെന്ന് പറയേണ്ടതില്ല. ചുരുക്കത്തില്‍ അണക്കെട്ടിന്റെ നിയന്ത്രണം, കരാറിന്റെ കാലം തുടങ്ങിയവയില്‍ വലിയ 'ഇളവു'കള്‍ക്ക് തമിഴ്നാട് തയ്യാറായാല്‍ മാത്രമേ പുതിയ ഡാം എന്ന ആശയം തന്നെ പ്രസക്തമാകുന്നുള്ളൂ. കേവലം തമിഴ്നാടിന് ജലം കേരളത്തിനു സുരക്ഷ അതിനായി പുതിയ ഡാം എന്ന ലളിത സമസ്യയല്ല. തമിഴ്നാടിന് ഒരു തുള്ളി വെള്ളത്തിനായി എല്ലാം മറന്നു ഒന്നിച്ചു നിന്ന് പോരാടുന്ന തമിഴ്നാട് ഇത്തരം വിട്ടു വീഴ്ച്ചകള്‍ക്ക് തയ്യാറാകുമെന്നാണോ 'പുതിയ ഡാം'എന്നതിനായി വാദിക്കുന്ന ഇടതു വലതു നേതാക്കള്‍ കരുതുന്നത്?

പെരിയാര്‍ കടുവാസങ്കേതത്തിലാണ് പുതിയ ഡാം എന്നതടക്കം നിരവധി മറ്റു കടമ്പകളുണ്ട്. ഇവയെല്ലാം മറികടന്നു കേരളത്തിന്റെ ആവശ്യം നേടിയെടുക്കാന്‍ ക്ന്ദ്രസര്‍ക്കാര്‍ സഹായിക്കുമോ? കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞത്പോലെ ഒരു ദേശീയ കക്ഷിക്കും ഈ വിഷയത്തില്‍  ആഖിലേന്ത്യാ നിലപാടില്ല. തങ്ങളുടെ കക്ഷിക്ക് വ്യക്തമായ നിലപാട് ഉണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. ആ നിലപാട് മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലും ഒന്ന് പ്രസിദ്ധീകരിച്ചാല്‍ കൊള്ളാം എന്നെ നമുക്ക് പറയാനുള്ളൂ. 

സുപ്രീം കോടതിയും ഇക്കാര്യത്തില്‍ കേരളത്തിനെ സഹായിക്കുമെന്ന് കരുതാനാവില്ല.  പകരം ഇരു സംസ്ഥാനങ്ങളും സഹവര്‍ത്തിത്വത്തോടെ ചര്‍ച്ച നടത്തുക മാത്രമാണ് വഴി. നിയന്ത്രണം, കാലം തുടങ്ങിയ വിഷയങ്ങളില്‍ തമിഴ് നാട് പറയുന്ന വ്യവസ്ഥകളെല്ലാം അംഗീകരിക്കാന്‍ കേരളം തയ്യാറായാല്‍ മാത്രമേ 'പുതിയ ഡാം' എന്നതിന് തമിഴ്നാട് അംഗീകാരം നല്കുകൂ എന്നതാണ് സത്യം. ഇത് തുറന്നു പറയുകയായിരുന്നു റവന്യൂ മന്ത്രി എന്ന്മാത്രം. ഈ വടി ഉപയോഗിച്ച് സര്‍ക്കാരിനെ അടിക്കാനും (കഴിയുമെങ്കില്‍) താഴെ ഇറക്കി പുതിയതൊന്നു ഉണ്ടാക്കാനും ഇടതുപക്ഷം ശ്രമിക്കുന്നതില്‍ തെറ്റില്ലായിരിക്കും. ഇടതു പക്ഷം ഭരിച്ചാല്‍ അണക്കെട്ട് പൊട്ടാതെ നില്‍ക്കുമായിരിക്കും.

എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാതല്‍ ഇതൊന്നുമല്ല. അനുമതിക്ക് വിദൂര സാധ്യത പോലുമില്ലെന്നറിഞ്ഞിട്ടും ലക്ഷക്കണക്കിന്‌ മനുഷ്യരുടെ ജീവനെന്നതുവെച്ചു പുതിയ ഡാം എന്ന ആവശ്യം ഉന്നയിച്ചതിലാണ് തെറ്റ്. ഇപ്പോള്‍ അണക്കെട്ട് സുരക്ഷിതമല്ലെങ്കില്‍, എന്താകുമെന്നു ഉറപ്പില്ലാത്ത ഡാം പരിഹാരമാകുന്നതെങ്ങിനെ? എന്തായാലും അടിയന്തര പരിഹാരം പുതിയ ഡാമല്ലെന്ന സത്യം ജനങ്ങള്‍ പുതുക്കെയാണെങ്കിലും തിരുച്ചറിയുന്നുണ്ട്.

Sunday 31 July 2011

നമ്മുടെ നാട്ടില്‍ ഇങ്ങനെയും ഒരു സ്കൂള്‍

തൃശ്ശൂര്‍ ജില്ലയിലെ പെരുവല്ലൂര്‍ എളവള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആകെയുള്ളത്   12 താല്‍ക്കാലിക അധ്യാപകര്‍ മാത്രം. ഇവര്‍ക്ക് ഒരു വര്‍ഷമായി ശമ്പളമില്ല. (2010 - 11 അധ്യന വര്‍ഷത്തിലാണ്  ഈ സ്കൂള്‍് ഹയര്‍ സെക്കന്‍ഡറി ആയി ഉയര്‍ത്തിയത്‌)  പ്രിന്‍സിപ്പലോ മറ്റുസ്ഥിരം അധ്യാപകരോ ഇല്ല. ഓഫീസ് ജോലികള്‍ മാത്രമല്ല, ഒരു പ്യൂണ്‍ പോലുമില്ലാത്തത് കൊണ്ട് ബെല്ലടിക്കലും, ഗേറ്റും ക്ലാസ് മുറികളും തുറക്കലും, അടക്കലും, പൂട്ടലും എല്ലാം ഈ താല്‍ക്കാലികക്കാര്‍ തന്നെ‍. 200 ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇവടെ ഒരു വിദ്യാലയത്തിനു വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നും തന്നെയില്ല. ലാബ് സൌകര്യങ്ങള്‍ വളരെ അപൂര്‍ണം. സ്കൂള്‍ വരാന്തയില്‍ മഴ കൊള്ളുന്ന സ്ഥലത്ത് രണ്ടു ഡസ്ക്കുകള്‍ പിടിച്ചിട്ടതാണ് ഓഫീസ് കം  സ്റ്റാഫ് റൂം.

എളവള്ളി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറിക്ക് അംഗീകാരം നല്‍കിയെങ്കിലും അധ്യാപക തസ്ത്തികകള്‍ക്ക് സര്‍ക്കാര്‍ അംഗീകാമായിട്ടില്ല. അതുകൊണ്ട് അധ്യാപകരുടെ തുച്ഛമായ ശമ്പളവും നിഷേധിച്ചിരിക്കുകയാണ്. (കൈക്കോട്ടു പണിക്കാരന് ദിവസം 450 രൂപ കൂലി കിട്ടുമ്പോള്‍ ബിരുദാനന്തര ബിരുദക്കാരന്റെ ദിവസവേതനം 300 രൂപ) അധ്യയന വര്‍ഷാരംഭത്തില്‍ തുടങ്ങുകയും  വര്‍ഷാവസാനം സേവനം അവസാനിക്കുകയും ചെയ്യുന്ന തരത്തിലാണ് ഓരോ വര്‍ഷവും താല്‍ക്കാലിക അധ്യാപകരെ നിയമിക്കേണ്ടത്. എന്നാല്‍  എളവള്ളി സ്കൂളില്‍ വിദ്യാര്‍ത്ഥിപ്രവേശനം നടത്തുന്നതിനു പോലും താല്‍ക്കാലികക്കാര്‍ വേണ്ടി വരുന്നു. 

അടുത്തിടെ മാതൃഭൂമി പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയിലെ വിവരങ്ങളാണ് മുകളില്‍ പറഞ്ഞത്. 'പഠിപ്പിക്കാന്‍ താല്‍ക്കാലിക അധ്യാപകര്‍ മാത്രം; ബെല്ലടിക്കാനും' എന്ന തലക്കെട്ടോടെ വന്ന വാര്‍ത്ത നാടിനും വിദ്യാലയത്തിനും അപമാനമാണെന്ന് കുറ്റപ്പെടുത്തി പി ടി എയുടെ നേതൃത്ത്വത്തില്‍ സ്കൂള്‍ അങ്കണത്തില്‍ വെച്ച് പ്രതിഷേധ സൂചകമായി പ്രസ്തുത പത്രം കത്തിച്ചത്രേ. ഇത്തരത്തില്‍ ഒരു വാര്‍ത്ത വന്നതാണ് പ്രതിഷേധക്കാര്‍ക്ക് അവഹേളനമായി തോന്നിയത്, അല്ലാതെ സ്വന്തം നാട്ടില്‍  അങ്ങനെ ഒരു സ്കൂള്‍ നടക്കുന്നതിലല്ല. തങ്ങളുടെ കുട്ടികളുടെ ഭാവിയെയാണു ഇത് നേരിട്ട് ബാധിക്കുന്നത് എന്നുപോലും ഇവര്‍ക്ക് ചിന്തിക്കാനാവുന്നില്ല.  കഷ്ടം എന്നല്ലാതെ മറ്റെന്താണ് ഇതിനു പറയുക? 

നികുതി ദായകരുടെ എത്ര കോടി രൂപയാണ് വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി ഓരോ വര്‍ഷവും ചിലവഴിക്കുനത്? കേരളത്തില്‍ സര്‍ക്കാര്‍ മേഘലയിലും എയ്ഡെഡ് മേഘലയിലും ഉള്ള സ്കൂളുകളില്‍ ഏതാണ്ട് എല്ലാറ്റിലും ഭേദപ്പെട്ട അടിസ്ഥാന സൌകര്യങ്ങള്‍  ഉണ്ട്. കേരളത്തിലെ ഏതു സ്വാശ്രയ സ്കൂളിലും ഉള്ളതിനേക്കാള്‍ മിടുക്കരായ ജീവനക്കാരും ഉണ്ട്.  എന്നിട്ടും ഈ  സ്വാശ്രയ സ്കൂളുകള്‍ വിദ്യാര്‍ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുകയാണ്.  അതെ സമയം എല്ലാവിധ സൌകര്യങ്ങളും ഉണ്ടായിട്ടും അപൂര്‍വ്വം ചിലതിലോഴിച്ച് മറ്റെല്ലാ എയ്ഡെഡ്/സര്‍ക്കാര്‍ സ്കൂളുകളിലും വിദ്യാര്‍ത്ഥികളുടെ എണ്ണം വര്ഷം തോറും കുറഞ്ഞു വരുന്നു. അതിനുള്ള അനേകം  കാരണങ്ങളില്‍ ഒന്നാണ് മേല്‍ സൂചിപ്പിച്ചത്.  സര്‍ക്കാരിന്റെയും സര്‍ക്കാര്‍ എജെന്‍സികളുടെയും നിരുത്തവാദ പരമായ ഇത്തരം സമീപനങ്ങളിള്‍ക്ക് ആരെ കുറ്റം പറയണം? ഇതിനൊക്കെ എന്നെങ്കിലും ഒരന്ത്യമുണ്ടാവുമോ?